വിദ്യാഭ്യാസത്തില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത് സിപിഎം, നയംമാറ്റം; വികസന നയരേഖ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 10:58 AM  |  

Last Updated: 02nd March 2022 11:06 AM  |   A+A-   |  

pinarayi

പിണറായി വിജയൻ സിപിഎം സമ്മേളനത്തിൽ/ /ആല്‍ബിന്‍ മാത്യു

 

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ രം​ഗത്ത് വൻ നയപരിവർത്തനവുമായി സിപിഎം. വിദ്യാഭ്യാസ മേഖലയിൽ  സ്വകാര്യ മൂലധനം സ്വാ​ഗതം ചെയ്ത് സിപിഎമ്മിന്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രം​ഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തിൽ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം വികസന നയരേഖ മുന്നോട്ടുവെക്കുന്നു. 

ഉന്നത വിദ്യാഭ്യാസം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുൾപ്പടെ ആർക്കും വന്ന് പഠിക്കാനുതകുന്ന തരത്തിൽ കേരളത്തെ ആകർഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.

സമ്മേളനത്തിൽ പിണറായിയും കോടിയേരിയും ചർച്ചയിൽ

സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭാവി കേരളത്തിനായുള്ള വികസന നയരേഖ അവതരിപ്പിച്ചത്. കേരളത്തിന്റെ 25 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള നിർദേശങ്ങളാണ് നയരേഖയിലുള്ളത്.  വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറയുന്നു.  പരമ്പരാഗത വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുക, വ്യവസായങ്ങൾക്ക്‌ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവ വികസനരേഖ മുന്നോട്ടുവെക്കുന്നു. 

വർഷങ്ങൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട്  ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വർഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തിൽ എം വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്‍റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

പിണറായിയും യെച്ചൂരിയും സിപിഎം സമ്മേളനത്തിനിടെ

വിദ്യാഭ്യാസ മേഖലയിലുൾപ്പടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളിൽ വെള്ളം ചേർക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു. സിഐടിയുവിനെതിരെ രൂക്ഷ വിമർശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്.  തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നും റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്.