ജി സുധാകരനെ ഒഴിവാക്കി; 75 കഴിഞ്ഞവരില്‍ ഇളവ് പിണറായിക്ക് മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 11:21 AM  |  

Last Updated: 04th March 2022 12:11 PM  |   A+A-   |  

sudhakaran

ജി സുധാകരൻ സംസ്ഥാന സമ്മേളനത്തിൽ/ ഫെയ്സ്ബുക്ക്

 

കൊച്ചി: മുന്‍മന്ത്രി ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതായി സൂചന. പ്രായപരിധി മാനദണ്ഡം കണക്കിലെടുത്താണ് സുധാകരനെ ഒഴിവാക്കുന്നത്.  ജി സുധാകരന് 75 വയസ്സ് പൂര്‍ത്തിയായിരുന്നു. 

സംസ്ഥാന സമ്മേളനത്തിന് മുമ്പ് ജി സുധാകരന്‍ സംസ്ഥാസ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു. 

കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതനുസരിച്ച് 13 ഓളം നേതാക്കളാണ് സംസ്ഥാന നേതൃനിരയില്‍ നിന്നും പുറത്താകുന്നത്. 

പുതിയ സംസ്ഥാസ സമിതി സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പാനല്‍ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

ജില്ലാ സെക്രട്ടറിമാരായ എ വി റസല്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗീസ് എന്നിവരെ സംസ്ഥാന സമിതിയിലുൾപ്പെടുത്തി. നേരത്തെ ക്ഷണിതാവായിരുന്ന തൃശൂർ ജില്ലാ സെക്രട്ടറി വി വി വർ​ഗീസിനെ സംസ്ഥാന സമിതിയിൽ സ്ഥിരാം​ഗമാക്കി. മന്ത്രി ബിന്ദുവിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി.