സിപിഎം നേതൃത്വത്തിലേക്ക് പുതുനിര; വന്‍ അഴിച്ചുപണിയ്ക്ക് സാധ്യത; പരിഗണിക്കുന്നവര്‍ ഇവരെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 08:19 AM  |  

Last Updated: 04th March 2022 08:42 AM  |   A+A-   |  

cpm leaders

സിപിഎം നേതാക്കൾ സമ്മേളനത്തിൽ

 

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ന്നേക്കും. അതേസമയം പാര്‍ട്ടി നേതൃനിരയില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. 75 വയസ്സ് പ്രായപരിധി കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കും. ഇതോടെ നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് വരാന്‍ കളമൊരുങ്ങി. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 13 പേരാണ് 75 വയസ്സ് പ്രായപരിധി കടന്ന സംസ്ഥാന സമിതി അംഗങ്ങള്‍. ഇതില്‍ പിണറായി വിജയന് മാത്രം ഇളവ് നല്‍കും. വൈക്കം വിശ്വന്‍, കെ പി സഹദേവന്‍, പി പി വാസുദേവന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ജി സുധാകരന്‍, സി പി നാരായണന്‍, കെ വി രാമകൃഷ്ണന്‍, എംസി ജോസഫൈന്‍, എസ് ശര്‍മ്മ, എം കെ കണ്ണന്‍, എം എച്ച് ഷാരിയര്‍, സി എം ദിനേശ് മണി, എസ് രാജേന്ദ്രന്‍ തുടങ്ങിയവരെ സംസ്ഥാസ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും. 

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി, പി കരുണാകരന്‍ എന്നിവര്‍ ഒഴിയും. പ്രായപരിധി കഴിഞ്ഞവരും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ പ്രത്യേക ക്ഷണിതാക്കളെയും ഒഴിവാക്കും. വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, എംഎം ലോറന്‍സ്, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍, പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എന്നിവര്‍ സംസ്ഥാന സമിതിയിലെത്തും. എഎ റഹിം, പി ആര്‍ മുരളീധരന്‍, കെ എന്‍ ഗോപിനാഥ്, പുഷ്പ ദാസ്, വി പി സാനു, എന്‍ സുകന്യ, വി കെ സനോജ്, എസ് സതീഷ്, എന്‍ ചന്ദ്രന്‍, വത്സന്‍ പാനോളി, ജമീല, കെ കെ ലതിക, കെ എസ് സുനില്‍ കുമാര്‍, സി ജയന്‍ബാബു തുടങ്ങിയവര്‍ സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. 

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മുന്‍മന്ത്രി എം വിജയകുമാര്‍, പി ജയരാജന്‍, എംവി ജയരാജന്‍, കെ പി സതീശ് ചന്ദ്രന്‍, സജി ചെറിയാന്‍, സി എസ് സുജാത, വി എന്‍ വാസവന്‍, ഗോപി കോട്ടമുറിക്കല്‍, എം സ്വരാജ്, ജെ മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് സൂചനകള്‍. മന്ത്രിമാരെ ഒഴിവാക്കിയാല്‍ കെ കെ ശൈലജ, ടി എന്‍ സീമ തുടങ്ങിയവരെയും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസ്, എ എൻ ഷംസീർ എന്നിവരിലൊരാളെയും പരി​ഗണിക്കുന്നുണ്ട്. 

സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് നവകേരള നയരേഖയ്ക്കുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. സംസ്ഥാന സമ്മേളനത്തില്‍ തന്നെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചേക്കും. സമ്മേളന സമാപനത്തിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.