അമരത്ത് മൂന്നാമൂഴം;  'ജനകീയനായ' സെക്രട്ടറി 

70 കാരനായ കോടിയേരി പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമാണ്‌
കോടിയേരി ബാലകൃഷ്ണൻ/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണൻ/ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: തുടർച്ചയായ മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 'ജനകീയനായ' സെക്രട്ടറി എന്ന നിലയില്‍ കോടിയേരി പാർട്ടി അണികള്‍ക്കും പ്രിയങ്കരനാണ്. 70 കാരനായ കോടിയേരി പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമാണ്‌.

2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന്‌ 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന്‌ 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി പദവിയിൽ നിന്നും മാറിനിന്നു. ആ കാലയളവിൽ എ വിജയരാഘവനാണ്‌ സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചത്‌.

തലശേരിയിലെ കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് ബാലകൃഷ്ണന്റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി പഠനം. മാഹി കോളേജിൽ പഠിക്കുമ്പോൾ കെഎസ്എഫ് പ്രവർത്തകനായി വിദ്യാർഥി സംഘടനാ പ്രവർത്തനം ആരംഭിച്ചു. കോളേജ് യൂണിയൻ ചെയർമാനായി. 

തുടർന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി.യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 

1970ൽ സിപിഎം ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു. 1980 മുതൽ 1982 വരെ ഡി വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി,  1990 മുതൽ അഞ്ചു വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു. 

1988ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1995ൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർ ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി.

1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടു പ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. സിപിഎം നേതാവും തലശേരി എംഎൽഎയുമായിരുന്ന എം വി രാജഗോപാലന്റെ മകൾ എസ് ആർ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ മക്കൾ. ഡോ. അഖില, റിനിറ്റ എന്നിവർ മരുമക്കളുമാണ്.  

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി എസ് അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com