ലൈംഗികാതിക്രമം; ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 10:07 AM  |  

Last Updated: 04th March 2022 10:07 AM  |   A+A-   |  

metoo1

പ്രതീകാത്മക ചിത്രം

 


കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ പരാതിയില്ലെന്ന് യുവതി. വ്യാഴാഴ്ച പൊലീസിനു മുമ്പാകെ നേരിട്ടെത്തിയാണ് യുവതി പരാതി ഇല്ലെന്ന്  അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമത്തിലൂടെ യുവതി താന്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തിയത്. 

അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേര്‍ തന്നെ വിവരങ്ങളറിയാന്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനെ അറിയിച്ചു.

സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്തപ്പോള്‍ നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ച് രംഗത്തെത്തി.

യുവതികള്‍ മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.  സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.

ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചും പലയിടത്തും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല പലതും പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.