തലമുറമാറ്റത്തിന് സിപിഎം; 13 പേരെ ഒഴിവാക്കി; പി ശശി വീണ്ടും സംസ്ഥാന സമിതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 01:29 PM  |  

Last Updated: 04th March 2022 03:21 PM  |   A+A-   |  

P Sasi is back in the cpm state committee

വിപി സാനു, ചിന്ത, പി ശശി/ ഫയൽ

 

കൊച്ചി: സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റം. കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 

89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വല്‍സന്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി, രാജു എബ്രഹാം, കെ അനില്‍കുമാര്‍, കെ കെ ലതിക, വി ജോയി, കെ എ സലീഖ, ആര്‍ കേളു തുടങ്ങിയവര്‍ സംസ്ഥാന സമിതിയിലെത്തിയിട്ടുണ്ട്. 

ജില്ലാ സെക്രട്ടറിമാരായ എ വി റസല്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗീസ് എന്നിവരെ സംസ്ഥാന സമിതിയിലുൾപ്പെടുത്തി. നേരത്തെ ക്ഷണിതാവായിരുന്ന തൃശൂർ ജില്ലാ സെക്രട്ടറി വി വി വർ​ഗീസിനെ സംസ്ഥാന സമിതിയിൽ സ്ഥിരാം​ഗമാക്കി. മന്ത്രി ബിന്ദുവിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി.  കണ്ണൂർ ജില്ലയിൽ നിന്നുള്ള എൻ ചന്ദ്രനാണ് കൺട്രോൾ കമ്മീഷൻ ചെയർമാൻ. 

ഒഴിവാക്കപ്പെട്ടവര്‍: 

വൈക്കം വിശ്വന്‍ (കോട്ടയം), കെ പി സഹദേവന്‍ (കണ്ണൂര്‍), പി പി വാസുദേവന്‍ (മലപ്പുറം),  ആര്‍ ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട), ജി സുധാകരന്‍ ( ആലപ്പുഴ), കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി പി നാരായണന്‍, കെ വി രാമകൃഷ്ണന്‍ (പാലക്കാട്), എം ചന്ദ്രന്‍ (പാലക്കാട്), സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ.ജെ.തോമസ്, പി കരുണാകരന്‍ എന്നിവരാണ് ഒഴിവാകുന്നത്.