ഭാര്യ മരിച്ചു; നാലാം നാൾ ഭർത്താവ് ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 07:17 AM  |  

Last Updated: 14th March 2022 07:17 AM  |   A+A-   |  

death

മഞ്ജുഷ, പ്രഭാകരൻ നായർ

 

തിരുവനന്തപുരം: ഭാര്യ മരിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ വ്യാപാരിയായ ഭർത്താവ് ജീവനൊടുക്കി. മലയിൻകീഴ് ജം​ഗ്ഷന് സമീപം വർഷങ്ങളായി മുറുക്കാൻ കട നടത്തുന്ന കണ്ടല കുളപ്പള്ളി വിളാകത്ത് നന്ദനം വീട്ടിൽ എസ് പ്രഭാകരൻ നായരെ (53) ആണ് ഇന്നലെ വൈകീട്ടോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. 

ഭാര്യ മരിച്ച് നാലാം നാളാണ് പ്രഭാകരൻ നായർ ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ മരിച്ചു. ഭാര്യ സി മഞ്ജുഷ (44) കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. നാളെയാണ് മഞ്ജുഷയുടെ സഞ്ചയനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. 

പ്രഭാകരൻ നായരും മഞ്ജുഷയും ചേർന്നാണ് കട നടത്തിയിരുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കച്ചവടം കുറഞ്ഞതും അതിനിടെ അപ്രതീക്ഷിതമായി ഭാര്യ മരിച്ചതും പ്രഭാകരൻ നായരെ മാനസികമായി തളർത്തിയതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.