സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയത്തിന് അനുമതി
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2022 10:29 AM |
Last Updated: 14th March 2022 10:29 AM | A+A A- |

പിണറായി വിജയൻ നിയമസഭയിൽ/ ഫയൽ
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാണ് സില്‍വര്‍ ലൈന്‍ ചര്‍ച്ച ചെയ്യുക. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ റെയില്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നതും സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ സംസ്ഥാന വികസനത്തിലെ അത്യന്താപേക്ഷിതമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി കെ റെയിലിനെ വിശേഷിപ്പിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത്.