ഡീസല്‍ കലര്‍ന്ന പെട്രോള്‍ പമ്പുകള്‍ വഴി വിറ്റു, പിഴവ് ഐഒസി മൂടിവെച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂണിയനുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 10:24 AM  |  

Last Updated: 15th March 2022 10:24 AM  |   A+A-   |  

FUEL PRICE HIKE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂക്ക് ഡിപ്പോയില്‍ നിന്ന് മായം കലര്‍ന്ന ഇന്ധനം വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. 21 കോടി രൂപയുടെ, മായം കലര്‍ന്ന ഇന്ധനം മലബാറിലെ ആറു ജില്ലകളിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് ഐഒസി വിതരണം ചെയ്തതായി ബിഎംഎസ് ആരോപിക്കുന്നു. പ്രശ്‌നം പുറത്തറിയാതെ മൂടിവെച്ച്് രഹസ്യമായി വില്‍പ്പന നടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ബിഎംഎസ് അംഗീകൃത യൂണിയനുകള്‍ കേന്ദ്രത്തെ സമീപിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27ന് എണ്ണ മാറ്റുന്നതിനിടെ പെട്രോളും ഡീസലും കലരുകയായിരുന്നുവെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു. തെളിച്ചൂറ്റുന്നതിനിടെ സംഭവിച്ച പാകപ്പിഴയാണ് മായം കലരാന്‍ കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ റിഫൈനറിയില്‍ വീണ്ടും റിസൈക്ലിംഗിന് അയച്ച് ഇന്ധനം ശുദ്ധീകരിക്കുകയാണ് വേണ്ടത്. പകരം സംഭവം മൂടിവെയ്ക്കാനുള്ള ശ്രമമാണ് നടന്നത്. കൂടാതെ മലബാറിലെ ആറു ജില്ലകളിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മായം കലര്‍ന്ന ഇന്ധനം വിറ്റതായും സംഘടനകള്‍ ആരോപിക്കുന്നു.

ഹൈ സ്പീഡ് ഡീസല്‍ സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന ഡിപ്പോയിലെ ടാങ്കില്‍ പെട്രോള്‍ നിറയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ 21 കോടി രൂപയുടെ ഇന്ധനത്തില്‍ മായം കലര്‍ന്നതായി യൂണിയനുകള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ടാങ്കില്‍ ഇന്ധനം നിറയ്ക്കാന്‍ ചുമതല ഉണ്ടായിരുന്ന വെസ്റ്റേണ്‍ ഇന്റീരിയേഴ്‌സ് ആന്റ് മറൈന്‍ കോണ്‍ട്രാക്ടേഴ്‌സിലെ ഒരു തൊഴിലാളിയെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായും തൊഴിലാളികളുടെ പരാതിയില്‍ പറയുന്നു.ഇതുവഴി പൊതുമേഖല സ്ഥാപനത്തിന് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ബിഎംഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ വെങ്ങോലത്ത് ആരോപിക്കുന്നു.