രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായോ?, സംസ്ഥാനത്ത് മാസ്‌ക് ഒഴിവാക്കിയേക്കും; സര്‍ക്കാര്‍ തലത്തില്‍ ആലോചന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 09:22 AM  |  

Last Updated: 16th March 2022 09:22 AM  |   A+A-   |  

covid situation in KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അഭിപ്രായം തേടി.

മാസ്‌ക് ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്കു തുടര്‍ന്നും മാസ്‌ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനെ അറിയിച്ചു.

'ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും'

അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങൡ മാസ്‌ക് നിര്‍ബന്ധമാക്കി മറ്റിടങ്ങളില്‍ മാസ് ഒഴിവാക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍ മാസ്‌കുകള്‍ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ്.  

ഇന്നലെ 809 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിലവില്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവര്‍ 10,000ല്‍ താഴെയാണ്.

കോവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2020ലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ വീടുകളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.