പരുന്തിന്റെ ആക്രമണത്തിൽ ഭയന്ന് ഒരു നാട്, പുറത്തിറങ്ങുന്നത് ഹെൽമറ്റ് ധരിച്ച്‌; സ്കൂളിലേക്ക് വിടുന്നത് വാഹനങ്ങളിൽ 

കടുത്തുരുത്തി  മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പരുന്തിന്റെ ആക്രമണത്തിൽ ഭയന്ന് നാട്ടുകാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കടുത്തുരുത്തി  മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പരുന്തിന്റെ ആക്രമണത്തിൽ ഭയന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം രണ്ടു കുട്ടികളുടെ ചെവിക്കും കണ്ണിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇന്നലെ പുത്തൻ കുളങ്ങരയിൽ അനഘ ഷാജിക്ക് ( 21) നേരെയായിരുന്നു ആക്രമണം. കാര്യമായ പരിക്കേൽക്കാതെ അനഘ രക്ഷപ്പെട്ടു. 

 കാരിക്കോട് വായനശാലയ്ക്കു സമീപവും പരിസര പ്രദേശങ്ങളിലുമാണു പരുന്തിന്റെ ഭീഷണി. മരശിഖരങ്ങളിലും വീടുകളുടെ മേൽക്കൂരകളിലുമാണു താവളം. ആളുകൾ പുറത്തിറങ്ങിയാൽ പരുന്ത് പാഞ്ഞെത്തി തലയിലും കണ്ണിലും കാതിലുമൊക്കെ കുത്തുകയും നഖങ്ങൾ ഉപയോഗിച്ച് ആഴത്തിൽ ആക്രമിക്കുകയുമാണ്. കാരിക്കോട് പുത്തൻ കുളങ്ങരയിൽ റെയ്നിയുടെ മകൻ ആൽബറെ (7), പുത്തൻ കുളങ്ങര ജയിനിന്റെ മകൾ ജസ്ന ജയിൻ (14) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. 

ആൽബറെയുടെ ചെവി പരുന്ത് കടിച്ചു മുറിക്കുകയായിരുന്നു. ജസ്നയുടെ കണ്ണിലാണ് പരുന്തു കൊത്തിയത്.പേടിച്ച് ആളുകൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പലരും തലയിൽ ഹെൽമറ്റ് വച്ചാണ് പുറത്തിറങ്ങുന്നത്. പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കൾ വാഹനങ്ങളിലാണ് സ്കൂളിലേക്ക് വിടുന്നത്. ഭക്ഷണം ലഭിക്കാത്തതു മൂലമാണ് പരുന്ത് ആളുകളെ ആക്രമിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com