ലൈസന്‍സിന് ഒന്നര ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു, ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 07:43 AM  |  

Last Updated: 16th March 2022 07:43 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിന് ലോഡ്ജ് ഉടമയോട് കൈക്കൂലി വാങ്ങിയ കേസില്‍ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി എസ് ബിജുവിനെ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയാണ് ബിജു.

ഇന്നലെ രാത്രി ഹൈസ്‌കൂള്‍ റോഡിലെ വാടക മുറിയില്‍ നിന്നാണ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴ വ്യത്യസ്തമാണെന്ന് ആക്ഷേപം ഉയര്‍ന്നു. മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. 

തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ച ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകളുമായി തുക കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടുകയായിരുന്നു.