മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയാവരുതെന്ന് പ്രതിപക്ഷ നേതാവ്; കെ എസ് യു നിലവാരമെന്ന് മുഖ്യമന്ത്രി; സഭയില്‍ പിണറായി-സതീശന്‍ വാക്‌പോര്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 12:54 PM  |  

Last Updated: 16th March 2022 12:54 PM  |   A+A-   |  

satheesan and pinarayi vijayan

വി ഡി സതീശൻ, പിണറായി വിജയൻ / ഫയൽ ചിത്രം

 


തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ലോകോളജ് വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിക്കുകയായിരുന്നു. 

പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും കെഎസ്‌യു നേതാവിന്റെ നിലവാരമാണെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപം സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവിട്ട പാര്‍ട്ടി സെക്രട്ടറിയാവരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. എസ്എഫ്‌ഐക്കാരെ മുഖ്യമന്ത്രി നിലയ്ക്കുനിര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് അനുവദിച്ച സമയം കഴിഞ്ഞും പിരിഞ്ഞു പോകാതെ കോളജ് ക്യാംപസില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാത്രി 8.30 മണിയോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ 1.13 ന്  മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഇരു സംഘടനകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റിട്ടുള്ളതായാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും. എതിര്‍സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ മറുവിഭാഗവും പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ നിയമപരമായ നടപടികള്‍ സ്വികരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.