രക്ഷതേടി ശുചിമുറിയില്‍ ഒളിച്ചു; രക്ഷപ്പെടാതിരിക്കാന്‍ മുറികള്‍ പുറത്തുനിന്നും പൂട്ടി; വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു; പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞു; അരും കൊലയില്‍ നടുങ്ങി നാട്

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷമാണ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത്
കൊല്ലപ്പെട്ട ഫൈസലും കുടുംബവും/ ടെലിവിഷൻ ദൃശ്യം
കൊല്ലപ്പെട്ട ഫൈസലും കുടുംബവും/ ടെലിവിഷൻ ദൃശ്യം

തൊടുപുഴ: മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസി രാഹുല്‍. മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷതേടി മുഹമ്മദ് ഫൈസലും കുടുംബവും ശുചിമുറിയില്‍ ഒളിച്ചു. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്നെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്ന് രാഹുല്‍ പറയുന്നു. 

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷമാണ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത്. ഇതിനായി ഹമീദ് പെട്രോള്‍ വീട്ടില്‍ ശേഖരിച്ചിരുന്നതായി പൊലീസും സൂചിപ്പിച്ചു. വീട്ടിനകത്തു കയറിയപ്പോള്‍ ഫൈസലും ഭാര്യയും കുട്ടികളും ശുചിമുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ പേടിച്ച് വാതില്‍ തുറന്നില്ല. ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ അപ്പോഴും എറിയുന്നുണ്ടായിരുന്നു. 

പുറത്തേക്കുള്ള വാതിലും കിടപ്പുമുറിയുടെ വാതിലുമെല്ലാം പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു. അയല്‍വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളവും ഒഴുക്കി വിട്ടിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചതെന്നും രാഹുല്‍ പറയുന്നു. 

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അരുകൊല നടന്നത്. തൊടുപുഴ ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. 

കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. പ്രതി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com