വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; തീരുമാനം ആര്‍എസ്എസ് സഹായം ലഭിക്കാന്‍: കോടിയേരി

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് സെമിനാര്‍ ബഹിഷ്‌കരണം
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ നിന്നും നേതാക്കളെ വിലക്കിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം. കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. ബിജെപിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസും ഈ തീരുമാനമെടുത്താല്‍ അവരും ബിജെപിക്കൊപ്പമാണെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ആര്‍എസ്എസ് സഹായം ലഭിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് സെമിനാര്‍ ബഹിഷ്‌കരണം. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ സ്വാഗതം എന്നും കോടിയേരി പറഞ്ഞു. 

അതേസമയം വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ സുധാകരന്‍ പറഞ്ഞു. 

സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപിസിസി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ ശശി തരൂര്‍, കെ വി തോമസ് എന്നിവരെയാണ് സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നതിന് തന്നെ വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിലക്കു വന്നാല്‍ സോണിയാഗാന്ധിയോട് ചോദിച്ച് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com