ഭർത്താവ് ആത്മഹത്യ ചെയ്തു; വിവരം അറിഞ്ഞ് ഇറങ്ങിയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 07:56 AM  |  

Last Updated: 20th March 2022 07:56 AM  |   A+A-   |  

ACCIDENT IN THIRUVANANTHAPURAM

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവളം തിരുവല്ലം വാഴമുട്ടം ബൈപാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ചു പരിക്കേറ്റ സഹോദരിമാർ മരിച്ചു. പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (32), സഹോദരി ശാരിമോൾ (31) എന്നിവരാണ് മരിച്ചത്. സഹോദരിമാരിലൊരാളുടെ ഭർത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം. 

ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയും ശാരിമോൾ ചികിത്സയിലിരിക്കേ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രയിലെത്തിച്ചു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്നു സമീപവാസികൾ പറഞ്ഞു.