'കെ റെയില്‍ ഗോ ബാക്ക്'; കല്ലായിയില്‍ വാക്കേറ്റം, സംഘര്‍ഷം; ചോറ്റാനിക്കരയില്‍ കല്ലുകള്‍ പിഴുത് തോട്ടിലെറിഞ്ഞു, കല്ലിടല്‍ നിര്‍ത്തിവെച്ചു

സമരക്കാര്‍ കല്ലുകളുമായി എത്തിയ വാഹനം തടയുകയും, കെ റെയില്‍ ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു
സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ പ്രതിഷേധം
സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ പ്രതിഷേധം

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിന് നേരെ എറണാകുളം ചോറ്റാനിക്കരയിലും കോഴിക്കോട് കല്ലായിലും പ്രതിഷേധം രൂക്ഷമായതോടെ, ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു. ചോറ്റാനിക്കരയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അഞ്ചോളം സര്‍വേക്കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് തോട്ടിലെറിഞ്ഞു. കല്ല് കൊണ്ടു വന്ന വാഹനം തടഞ്ഞു. കല്ലുകള്‍ പിടിച്ചെടുക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു.

ചോറ്റാനിക്കരയിലെ ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിയതായും നാളെ രാവിലെ വീണ്ടും കല്ലിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്ലിടുന്നതിന് സംരക്ഷണം നല്‍കാന്‍ വന്‍ പൊലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. കല്ലിടല്‍ തടയാന്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചോറ്റാനിക്കരയിലെത്തിയിരുന്നു. സില്‍വര്‍ ലൈനെതിരായ സമരത്തില്‍ സര്‍ക്കാര്‍ കേസെടുത്താല്‍ നേരിടുമെന്നും, പാവപ്പെട്ട ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കിവിടാമെന്ന് കരുതേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. 

കോഴിക്കോട് കല്ലായിയിലും കല്ലിടലിനുമെതിരെ രൂക്ഷമായ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കല്ലിടല്‍ ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാപിക്കാനെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് തടിച്ചുകൂട്ടിയ സമരക്കാര്‍ കല്ലുകളുമായി എത്തിയ വാഹനം തടയുകയും, കെ റെയില്‍ ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തിയതെന്നും, കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടയം നട്ടാശ്ശേരിയിലും കല്ലിടലിനെതിരെ വന്‍ പ്രതിഷേധമാണ്. മലപ്പുറം തിരുനാവായയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ ഇന്ന് നിര്‍ത്തിവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com