'മൂന്നാംമുറ പ്രയോഗിക്കുമെന്ന് ഭയം'; സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; ദിലീപില്‍ നിന്നും ലഭിച്ച 'പ്രതിഫല'ത്തില്‍ അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2022 08:48 AM |
Last Updated: 22nd March 2022 08:48 AM | A+A A- |

ദിലീപ്, സായ് ശങ്കർ
കൊച്ചി: വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും, കസ്റ്റഡിയില്‍ മൂന്നാംമുറ നേരിടേണ്ടി വരുമെന്ന് ഭയമുണ്ടെന്നും സായ് ശങ്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ചില നിര്‍ണായക രേഖകള്‍ സായ് ശങ്കര്‍ മായ്ച്ചുകളഞ്ഞെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സായ്ശങ്കറോട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നു. ദിലീപിന് വേണ്ടി ഹാജരാകുന്ന വ്യാ തെളിവുണ്ടാക്കാനാണ് ശ്രമം. ഇതിനായി തന്നെയും കുടുംബത്തെയും ക്രൈംബ്രാഞ്ച് വേട്ടയാടുകയാണ്. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ സായ് ശങ്കര്‍ ആവശ്യപ്പെടുന്നു.
പൊലീസ് പീഡനം: മറ്റൊരു ഹര്‍ജിയും പരിഗണിക്കും
അതേ സമയം കേസില്‍ പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് അനു ശിവരാമന്‍ ആണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഈ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടിസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഹര്‍ജി കൂടി സായ്ശങ്കര്‍ നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്‌സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സായ്ശങ്കര്‍ പറയുന്നത്.
ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപ
ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ദിലീപില്‍ നിന്ന് എത്ര തുക പ്രതിഫലമായി കൈപ്പറ്റിയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്‍റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്. ദിലീപിന്‍റെ ഐ ഫോൺ സായ് ശങ്കറിന്‍റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിന്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാന്‍ എസ്സയെ ചോദ്യം ചെയ്തിരുന്നു.