തട്ടുകടയിലെ തര്‍ക്കം; മൂലമറ്റത്ത് വെടിയേറ്റ് യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 07:46 AM  |  

Last Updated: 27th March 2022 07:49 AM  |   A+A-   |  

moolamattam_shooting

മൂലമറ്റത്ത് കൊല്ലപ്പെട്ട സനല്‍/വീഡിയോ ദൃശ്യം


ഇടുക്കി: ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. 

മൂലമറ്റം സ്വദേശി പ്രദീപ് ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. മൂലമറ്റം റൂട്ടിൽ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് സനൽ. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം എന്നാണ് സൂചന. 

നാടൻ തോക്ക് ഉപയോ​ഗിച്ചാണ് വെടിയുതിർത്തത്

മൂലമറ്റത്തെ പുതുതായി തുടങ്ങിയ തട്ടുകടയിൽ  ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കി. ഇതോടെ നാട്ടുകാർ ഇടപെട്ട് ഫിലിപ്പിനെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിച്ചു. എന്നാൽ പ്രകോപിതനായ ഫിലിപ്പ് വീട്ടിൽ പോയി തോക്കെടുത്ത് കൊണ്ടുവന്ന അഞ്ച് റൗണ്ട് വെടിയുതിർത്തു. 

ഈ സമയം അതുവഴി സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ  ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലായി. നാടൻ തോക്ക് ഉപയോ​ഗിച്ചാണ് വെടിയുതിർത്തത്. ബസ് ജീവനക്കാരായ സനലും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്.