സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത് 176 ജീവനക്കാര്‍ മാത്രം; സര്‍ക്കാര്‍ ഉത്തരവ് തള്ളി ഉദ്യോഗസ്ഥര്‍

ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
സെക്രട്ടേറിയറ്റ്/ഫയല്‍
സെക്രട്ടേറിയറ്റ്/ഫയല്‍


തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. 

പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേരാണ് ജോലിക്കെത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും, സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതുമാണ് ഇന്നലത്തേക്കാള്‍ ഹാജര്‍ നില കൂടാന്‍ കാരണമായത്. ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പണിമുടക്കുകയാണ്. 

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നില വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കളക്ടറേറ്റില്‍ 234 ജീവനക്കാരുള്ളിടത്ത് 12 പേരാണ് ജോലിക്ക് ഹാജരായത്. വയനാട് കളക്ടറേറ്റില്‍ 20 പേരും ജോലിക്കെത്തി. 160 ജീവനക്കാരാണ് കളക്ടറേറ്റിലുള്ളത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. പണിമുടക്കു ദിവസം നമുക്ക് ശമ്പളം ഉണ്ടാകില്ലെന്ന ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com