അടിയന്തരാവസ്ഥയുടെ ശബ്ദം; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നത് : കോടിയേരി ബാലകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 10:42 AM  |  

Last Updated: 29th March 2022 10:42 AM  |   A+A-   |  

kodiyeri balakrishnan

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും പണിമുടക്കാനുള്ള അവകാശം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതോടെ ഇല്ലാതാകുകയാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ.. പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. 

ജനാധിപത്യ പ്രക്രിയയില്‍ ധാരാളം പണിമുടക്കുകളും സമരങ്ങളും കൊണ്ടു കൂടിയാണ് മാറ്റങ്ങളുണ്ടായത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് കോടതിയുടെ അംഗീകാരത്തോടെയായിരുന്നില്ല. കോടതി അതിനെതിരായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്നു കണക്കാക്കിത്തന്നെ പണിമുടക്കില്‍ പങ്കെടുക്കണം. പണിമുടക്കു ദിവസം നമുക്ക് ശമ്പളം ഉണ്ടാകില്ലെന്ന ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

ആ നിലയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ രാഷ്ട്രീയ നിലവാരം ഉയര്‍ത്താന്‍ സഹായകരമായ തുടര്‍ ഇടപെടല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു. സമരം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അല്ല. വാഹനം തടയുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജനങ്ങള്‍ സ്വമേധയാ പണിമുടക്കില്‍ പങ്കെടുക്കണമെന്നാണ് സമരസമിതി ഉദ്ദേശിച്ചിട്ടുള്ളത്. 

ഓട്ടോറിക്ഷകളില്‍ പോകുന്നവരെ സമരക്കാര്‍ ആക്രമിച്ച സംഭവം, സമരക്കാരുടെ മുന്നില്‍ വാഹനം ഓടിച്ച് പ്രകോപനമുണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്ന് കോടിയേരി പറഞ്ഞു. അത്തരം പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണം. മുന്‍കാലങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സിഐടിയു മാത്രമല്ല, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകളും പണിമുടക്കിലുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.