ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സിപിഎം; സ്വകാര്യ ബില്ലിന് അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 05:21 PM  |  

Last Updated: 31st March 2022 05:21 PM  |   A+A-   |  

cpim-1-09-1496984509-1519274123

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സിപിഎം. ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നാകും ബില്ലിലെ പ്രധാന നിര്‍ദേശം. കേരളത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. 

സിപിഎമ്മിന്റെ വി ശിവദാസന്‍ ആണ് നാളെ സുപ്രധാന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ബില്‍ അവതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 

മൂന്നു പ്രധാന നിര്‍ദേശങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്. ഒന്നാമത്തേതായി ഗവര്‍ണറെ എങ്ങനെ നിയമിക്കണം എന്നതാണ്. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഗവര്‍ണറെ നിയമിക്കുന്നത്. 

ഇതിന് പകരം എംഎല്‍എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണം. ഗവര്‍ണര്‍മാരുടെ കാലാവധി കൃത്യം അഞ്ചുവര്‍ഷമായി നിജപ്പെടുത്തണമെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. നിലവില്‍ കേന്ദ്രസര്‍ക്കാരാണ് ഗവര്‍ണര്‍മാരെ മാറ്റുന്നത്. ഇതിന് പകരം സംസ്ഥാന നിയമസഭകള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കുകയാണെങ്കില്‍, ഗവര്‍ണര്‍ പദവി വഹിക്കുന്ന വ്യക്തി സ്ഥാനം രാജിവെക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.