യുഡിഎഫില്‍ ആരെയും എന്തും പറയാവുന്ന അവസ്ഥ, തന്നെ സ്ഥിരമായി തഴയുന്നു; വിമര്‍ശനവുമായി മാണി സി കാപ്പന്‍; അനൗചിത്യമെന്ന് വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 11:38 AM  |  

Last Updated: 31st March 2022 11:38 AM  |   A+A-   |  

Mani C Kappan criticise UDF ; VD Satheesan says it is inappropriate

മാണി സി കാപ്പൻ, വി ഡി സതീശൻ/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് തന്നെ സ്ഥിരമായി തഴയുകയാണ്. മുന്നണിയുടെ പല പരിപാടികളും തന്നെ അറിയിക്കുന്നില്ലെന്നും, യുഡിഎഫിന്റെ സംഘാടനത്തില്‍ കുറവുണ്ടെന്നും മാണി സി കാപ്പന്‍ തുറന്നടിച്ചു. യുഡിഎഫില്‍ ആരെയും എന്തും പറയാവുന്ന അവസ്ഥയാണുള്ളതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മുട്ടില്‍ മരംമുറി, ഗവര്‍ണറുമായുള്ള സന്ദര്‍ശനം, മാടപ്പള്ളി സമരം എന്നിവിടങ്ങളില്‍ യുഡിഎഫ് സംഘം പോയപ്പോള്‍ തന്നെ അറിയിച്ചില്ല. ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയില്‍ കെ റെയില്‍ സമരത്തിനെതിരായ പൊലീസ് അതിക്രമം നടന്ന സ്ഥലത്തു പോയപ്പോള്‍, കോട്ടയത്തു നിന്നുള്ള എംഎല്‍എ എന്ന നിലയിലെങ്കിലും തന്നെ അറിയിക്കാമായിരുന്നു. പ്രതിപക്ഷ നേതാവിന് ഒന്നു ഫോണ്‍ ചെയ്‌തെങ്കിലും പറയാമായിരുന്നു. 

യുഡിഎഫിലെ ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമുള്ളതെന്നും, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് മാണി സി കാപ്പന്‍ പറഞ്ഞു. കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉടന്‍ കത്തുനല്‍കും. ഒരു കാരണവശാലും മുന്നണി മാറി ഇടതുമുന്നണിയിലേക്ക് പോകുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ അത് ഉന്നയിക്കേണ്ടതാ താനാണെന്ന് വി ഡി സതീശന്‍ പറയുന്നു. അത് കെട്ടുറപ്പിന്റെ പ്രശ്‌നമല്ലേയെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. യുഡിഎഫില്‍ പല ഘടകകക്ഷികളും അസംതൃപ്തരാണ്. യുഡിഎഫിന്റെ സംഘടനാസംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം തിരുത്തിയാല്‍ മുന്നണിക്ക് അധികാരം തിരിച്ചു പിടിക്കാനാകും. പക്ഷെ തിരുത്തണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. 

പരസ്യപ്രതികരണം അനൗചിത്യമാണ് : വി ഡി സതീശന്‍

അതേസമയം ഇത്തരമൊരു വിമര്‍ശനമുണ്ടെങ്കില്‍ മാണി സി കാപ്പന്‍ യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്നോട് പറയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.  യുഡിഎഫിന്റെ രീതി അറിയാത്തതുകൊണ്ടാകും മാണി സി കാപ്പന്റെ പ്രതികരണം. എല്‍ഡിഎഫിന്റെ രീതിയല്ല യുഡിഎഫിന്. പരസ്യപ്രതികരണം അനൗചിത്യമാണ്. എന്തുപ്രശ്‌നമുണ്ടെങ്കിലും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. മാണി സി കാപ്പനുമായി വര്‍ഷങ്ങളായി വ്യക്തിബന്ധമുണ്ടെന്നും  വി ഡി സതീശന്‍ പറഞ്ഞു. 

എൽഡിഎഫിൽ എടുക്കില്ല: എ കെ ശശീന്ദ്രൻ

അതേസമയം മാണി സി കാപ്പനെ ഇടതുമുന്നണിയിലേക്ക് എടുക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. അദ്ദേഹം എല്‍ഡിഎഫ് വിട്ടുപോയ എംഎല്‍എയാണ്. പ്രതിപക്ഷത്തുള്ള എംഎല്‍എയെ കൊണ്ടുവന്ന് എല്‍ഡിഎഫ് ശക്തിപ്പെടുത്തേണ്ട സാഹചര്യമില്ല. യുഡിഎഫില്‍ നേരിടുന്ന പ്രയാസങ്ങളാകും മാണി സി കാപ്പന്‍ പറഞ്ഞതെന്നും എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.