കൊടിമരത്തെ ചൊല്ലി സിപിഐയും കോൺ​ഗ്രസും പൊരിഞ്ഞ അടി; ലാത്തിവീശി പൊലീസ്, കല്ലേറ്; നിരവധി പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 07:25 AM  |  

Last Updated: 05th May 2022 07:25 AM  |   A+A-   |  

cpi_congress_clash

വീഡിയോ ദൃശ്യം

 

ആലപ്പുഴ; കൊടിമരം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കം സിപിഐ- കോൺ​ഗ്രസ് സംഘർഷമായി. ആലപ്പുഴ ചാരുംമൂട്ടിലാണ് സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയത്. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ  ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. അടിപിടിയിൽ 25 പേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. 

കോൺ​ഗ്രസ് ഓഫിസിനു സമീപം സിപിഐ കൊടിമരം സ്ഥാപിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിച്ചു. ഇതോടെ . പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. എന്നാൽ അധികൃതർ എത്താൻ വൈകിയതോടെ വാക്കേറ്റവും കൈയ്യാങ്കളിയുമായി. തുടർന്ന് ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാൻ സിപിഐ പ്രവർത്തകരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. 

പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു. ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺ​ഗ്രസ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

ചെങ്ങന്നൂരില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ