പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പൊലീസുകാരനെതിരെ ആരോപണവുമായി കുടുംബം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 12:13 PM  |  

Last Updated: 05th May 2022 12:13 PM  |   A+A-   |  

taslima

ആത്മഹത്യ ചെയ്ത തസ്ലീമ/ ടിവി ദൃശ്യം

 

തിരുവനന്തപുരം: തിരുവനന്തപുരം മൈലക്കരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുകാരനെതിരെ അന്വേഷണം. മൈലക്കര സ്വദേശിനി തസ്ലീമ (18) ആത്മഹത്യ ചെയ്യാനിടയാക്കിയത് അയല്‍വാസിയായ പൊലീസുകാരന്‍ അഖില്‍ മൂലമാണെന്നാണ് വീട്ടുകാരുടെ ആരോപണം. തസ്ലീമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും കുടുംബം ആരോപിച്ചു. 

ഇന്നലെ രാവിലെയാണ് തസ്ലീമയെ വീടിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലും തസ്ലീമയും തമ്മില്‍ അടുപ്പത്തിലായിരുന്നു. പലതവണ തസ്ലീമയെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയാണെന്നും പഠനം കഴിയട്ടെയെന്നും പറഞ്ഞ് വീട്ടുകാര്‍ മടക്കി വിടുകയായിരുന്നു. 

എന്നാല്‍ ഇരുവരും ബന്ധം തുടര്‍ന്ന സാഹചര്യത്തില്‍ വിവാഹം നടത്താമെന്ന തീരുമാനത്തില്‍ ഇരുവീട്ടുകാരുമെത്തി. അതിനിടെ അഖിലിന് മറ്റൊരു പെണ്‍കുട്ടിയുമായും ബന്ധമുണ്ടെന്ന വിവരം തസ്ലീമയ്ക്ക് ലഭിച്ചു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മരിക്കുന്നതിന്റെ തലേന്നും ഫോണില്‍ വിളിച്ച് തര്‍ക്കമുണ്ടായിരുന്നതായി തസ്ലീമയുടെ വീട്ടുകാര്‍ പറഞ്ഞു. അഖില്‍ പെണ്‍കുട്ടിയോടെ വളരെ മോശമായി സംസാരിച്ചെന്നും, ഇതിന് ശേഷമാണ് തസ്ലീമ ജീവനൊടുക്കിയതെന്നും വീട്ടുകാര്‍ പറയുന്നു. 

വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അഖിലിന്റെ അച്ഛന്‍, പെണ്‍കുട്ടിയുടെ വീട്ടുകാരോട് പത്ത് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും നല്‍കിയാല്‍ മാത്രമേ അഖിലുമായി വിവാഹം നടത്താന്‍ സമ്മതിക്കുകയുള്ളൂ എന്നു പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. തസ്ലീമ വീരണക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അഖിലിന്റെ ഫോണ്‍രേഖകളും, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണങ്ങളും അടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് നെയ്യാര്‍ പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

മരം വെട്ടാൻ കയറിയ ആൾ കുഴഞ്ഞുവീണു, മരക്കൊമ്പിൽ തടഞ്ഞു; ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ