വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണം; ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 02:32 PM  |  

Last Updated: 10th May 2022 02:32 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 

അധിക വിലയ്ക്ക് ഡീസല്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആര്‍ടിസിക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് എണ്ണക്കമ്പനികളുടെ നിര്‍ദേശം തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്നും കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ബൾക്ക് യൂസർ എന്ന പേരിലാണ് കമ്പനികൾ കൂടിയ വില ഈടാക്കുന്നത്. പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിം​ഗിൾബെഞ്ച് അഭിപ്രായപ്പെട്ടത്. 

സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് 4 ലക്ഷം ലിറ്റർ ഡീസൽ ആണ് പ്രതിദിന ഉപയോഗം. ഇതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെഎസ്ആർടിസിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കെഎസ്ആർടിസി കൂടുതൽ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി. നേരത്തേ വിപണി വിലയെക്കാൾ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആർടിസിക്ക് ഡിസ്‌കൗണ്ട് നൽകിയിരുന്നത്. ബൾക്ക് പർച്ചേസിൽ മാറ്റം വന്നതോടെ 1 ലീറ്റർ ഡീസലിന് വിപണി വിലയേക്കാൾ 27 രൂപ അധികം നൽകേണ്ട സ്ഥിതിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

ഓഫ് റോഡ് റെയ്‌സ്; നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ