കേരളത്തിന് താത്കാലിക ആശ്വാസം;  5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 10:02 AM  |  

Last Updated: 14th May 2022 10:02 AM  |   A+A-   |  

balagopal

മന്ത്രി ബാലഗോപാലും മുഖ്യമന്ത്രിയും/ ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക അനുമതി നൽകി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെതാണ് അനുമതി. പൊതുവിപണിയിൽ നിന്നും താത്കാലികമായി കടമെടക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടുഴലുന്ന കേരളത്തിന് ആശ്വാസകരമാണ് ഈ നടപടി. 

കേരളത്തിന്റെ കടത്തെച്ചൊല്ലി കേന്ദ്രം ഉന്നയിച്ച തര്‍ക്കങ്ങളില്‍ തീരുമാനമുണ്ടാകുംവരെ താത്കാലികാശ്വാസം എന്നനിലയ്ക്കാണ് ഈ അനുമതി.20,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ തേടിയത്. എന്നാൽ 5000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. കടമെടുക്കാൻ അനുമതി നൽകണമെന്നും ജിഎസ്‌ടി നഷ്‌ടപരിഹാരകുടിശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പലതവണ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു.

മന്ത്രിസഭായോഗത്തിന്‌ ശേഷം ഇന്നലെ വീണ്ടും കത്ത്‌ നൽകി. ഇതേതുടർന്നാണ്‌ അനുമതി. അതേസമയം ജിഎസ്‌ടി നഷ്‌ടപരിഹാരമായി ലഭിക്കാനുള്ള 5008 കോടി രൂപ സംബന്ധിച്ച്‌ കേന്ദ്രം മൗനം തുടരുകയാണ്‌.  ഈ വര്‍ഷം 32,425 കോടി രൂപയാണ് കേരളത്തിന് എടുക്കാവുന്ന കടം. എന്നാല്‍, കഴിഞ്ഞവര്‍ഷം കേരളം കിഫ്ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍വഴി അനുവദിച്ചതിലും കൂടുതല്‍ കടമെടുത്തുവെന്നു ചൂണ്ടിക്കാട്ടി ഈ വര്‍ഷത്തെ കടമെടുപ്പിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കാം

'നിസ്സാര ഹര്‍ജിയുമായി വരാതെ റോഡും സ്‌കൂളും ഉണ്ടാക്കൂ'; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ