സജാദ് ലഹരിക്കടിമ; ഫുഡ് ഡെലിവറിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തി; ഷഹനയുടെ വീട്ടില്‍ ഇന്ന് വിദഗ്ധപരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 10:01 AM  |  

Last Updated: 14th May 2022 10:01 AM  |   A+A-   |  

shahana

ഷഹന/ ഫയല്‍

 

കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തി. പറമ്പില്‍ ബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു. 

ഷഹനയും സജാദും തമ്മില്‍ നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയെ മർദ്ദിച്ചിട്ടുണ്ടെന്നും സജാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഷഹനയുടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധന നടത്തും. വീട്ടില്‍ കെട്ടിയിരുന്ന അയ അഴിച്ചെടുത്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

അതേസമയം ഷഹനയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്. 

സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ചേവായൂർ പൊലീസ് തെളിവെടുപ്പിനായി സജാദിനെ എത്തിച്ചേക്കും. 

കഴിഞ്ഞ ദിവസം രാത്രിയാണ് ഷഹന മരിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ