മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 08:38 PM  |  

Last Updated: 13th May 2022 08:49 PM  |   A+A-   |  

shahana_21

ഷഹാന

 

കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. അത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. 

അതേസമയം ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.

അതേസമയം  ഷഹാനയുടെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. 

അതിനിടെ  ഭര്‍ത്താവ് സജ്ജാ​​​ദ് പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു.

അഭിനയിച്ച ശേഷം ഷഹാനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തര്‍ക്കമുണ്ടായിരുന്നു. തന്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജ്ജാദ്‌ പൊലീസിനോട് പറഞ്ഞു. സജ്ജാദും ഷഹനയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, സജ്ജാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹാനയെ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഈ വാർത്ത കൂടി വായിക്കാം

'ഷഹനയെ ഭര്‍ത്താവ് കൊന്നത്, ഇന്ന് ജന്മദിനം, ആത്മഹത്യ ചെയ്യില്ല'; നീതി ലഭിക്കണമെന്ന് ഉമ്മ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ