ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 08:58 AM  |  

Last Updated: 16th May 2022 08:58 AM  |   A+A-   |  

police

 

കാസര്‍കോട്: ഹോട്ടലിലെ ഭക്ഷണസാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്‌റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും അറസ്റ്റിലായി.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെത്തിയ ഡോക്ടര്‍ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.

ഇതിനിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചു വാങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. ഫോണ്‍ ഡോക്ടര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. മര്‍ദ്ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ കെ സി മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്ന വേളയിലാണ്, ശുചിമുറിയോടുചേര്‍ന്ന് ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 'എന്റെ ആത്മഹത്യ ലൈവ്’, ഫെയ്സ്ബുക്കിൽ വിഡിയോ; യുവാവിനെ പൊലീസെത്തി രക്ഷിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ