ക്ഷേമപെന്‍ഷനുകള്‍ ഇനിയും കൂട്ടും; കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് കോടിയേരി

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും
കോടിയേരി പരിപാടിയില്‍ പ്രസംഗിക്കുന്നു/ ടിവി ദൃശ്യം
കോടിയേരി പരിപാടിയില്‍ പ്രസംഗിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ഇനിയും കൂട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം കുടിലുകളിലെത്തിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. രണ്ടാം ഇടതു സര്‍ക്കാര്‍ തുടര്‍ച്ചയായി ലഭിച്ചതുപോലെ മൂന്നാമതും ഇടതുപക്ഷ സര്‍ക്കാര്‍ വന്നേക്കാമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുസര്‍ക്കാര്‍ വീണ്ടും വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ രാഷ്ട്രീയ സമരം വിമോചനസമരമെന്ന രീതിയില്‍ സംഘടിപ്പിക്കാന്‍ കെ റെയില്‍ പദ്ധതിക്കെതിരെ എതിരാളികള്‍ രംഗത്തിറങ്ങിയത്. ഈ എതിര്‍പ്പിന് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങാന്‍ പോകുന്നില്ല. കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും. 

കല്ലിടാന്‍ പോകുന്ന സ്ഥലത്ത് പ്രശ്‌നമുണ്ടെങ്കില്‍, കല്ലിടാതെയും പദ്ധതി നടപ്പാക്കാം. ഇന്നത്തെ ആധുനിക സംവിധാനം ഉപയോഗിച്ച് നടപ്പാക്കാം. ജനങ്ങളുമായി യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളുമായി സഹകരിപ്പിച്ചുകൊണ്ട് പദ്ധതി പ്രാവര്‍ത്തികമാക്കാനാണ്. ഇന്നത്തെ ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് ആവശ്യമായ പ്രവര്‍ത്തനം സംഘടിപ്പിക്കും. ഇതിന് വേണ്ടി വരുന്ന തുക സര്‍ക്കാര്‍ കണ്ടെത്തും. 

ഭൂമിയും വീടും വിട്ടുനല്‍കേണ്ടി വരുന്ന ആളുകള്‍ക്ക് ഇന്നവര്‍ താമസിക്കുന്നതിനേക്കാള്‍ നല്ല നിലയില്‍ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കും. ഇതില്‍ യുഡിഎഫിനും ബിജെപിക്കുമാണ് പ്രശ്‌നമുള്ളത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനമേയില്ല എന്നു പ്രചരിപ്പിക്കണം. അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് എന്തു വികസനമാണ് കേരളത്തില്‍ നടന്നതെന്ന് ചോദിക്കണം. അതിന് അവസരം കൊടുക്കാതിരിക്കാനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. 

ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വന്നത്. ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം പിണറായി വിജയന്‍ സര്‍ക്കാരിനുണ്ട്. ശത്രുവര്‍ഗം സര്‍ക്കാരിനെ തകര്‍ക്കാന്‍ എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നതായും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 

ഗ്യാസ് പൈപ്പ്‌ലെന്‍ പദ്ധതി കഴിഞ്ഞ ഇടതുസര്‍ക്കാരാണ് നടപ്പാക്കിയത്. അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് ഇടതുസര്‍ക്കാരെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയിലെ പഴയ കണക്കുകള്‍ നോക്കേണ്ട. വട്ടിയൂര്‍ക്കാവും പാലായും കോന്നിയും ജയിച്ചില്ലേയെന്നും കോടിയേരി ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com