കേസ് അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍; നടി ഹൈക്കോടതിയില്‍

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായതോടെയാണ് ഉന്നത ഇടപെടലുണ്ടായതെന്നും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
ദിലീപ്/ ഫയൽ ചിത്രം
ദിലീപ്/ ഫയൽ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഇരയായ നടി ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നാണ് നടിയുടെ ആരോപണം. കേസ് വേഗത്തില്‍ അവസാനിപ്പിക്കാനാണ് നീക്കം. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കരുതെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ തുടരന്വേഷണത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായതോടെയാണ് ഉന്നത ഇടപെടലുണ്ടായതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. 

ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ അന്വേഷണം മരവിച്ച മട്ടിലായെന്നും നടി പരാതിപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാനുണ്ട്. ഇതു കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് മേധാവായിയിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാല്‍ അന്വേഷണം അന്ത്യഘട്ടത്തിലെത്തി നില്‍ക്കെ, ശ്രീജിത്തിനെ പൊലീസ് വകുപ്പില്‍ നിന്ന് മാറ്റി, ഷേഖ് ദര്‍വേഷ് സാഹിബിനെ പകരം ക്രൈംബ്രാഞ്ച് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. 

കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഇടപെടല്‍ ഉണ്ടായതെന്നാണ് ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com