'ഇത്രേം മാത്രം പൊക്കിപ്പിടിച്ചോണ്ട് വരാനായിട്ട് ഇതിലെന്താണ് തെറ്റ്?'
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th May 2022 11:46 AM |
Last Updated: 28th May 2022 11:46 AM | A+A A- |

റാലി, കുട്ടിയുടെ പിതാവ്/ ടി വി ദൃശ്യം
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്. മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. പത്തുവയസ്സുകാരനായ മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കാറുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. അവിടുന്നാണ് ഈ മുദ്രാവാക്യം കിട്ടിയത്. പല സ്ഥലത്തും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇപ്പോ വിളിച്ചപ്പോള്‍ മാത്രം, ഇത്രേം മാത്രം പൊക്കിപ്പിടിച്ചോണ്ട് വരാനായിട്ട് കാരണമെന്താണെന്ന് അറിയില്ല. ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. ഒരു മതത്തെയും പറഞ്ഞിട്ടില്ല.
ഹിന്ദു മതത്തെയോ ക്രിസ്ത്യന്‍ മതത്തെയോ മോശമാക്കി പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?. ഇതില്‍ ഒരു കഴമ്പുമില്ല. മുദ്രാവാക്യത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. മതവികാരം വ്രണപ്പെടുത്തിയില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്ന് പത്തുവയസ്സുകാരന്‍ പറഞ്ഞു. മുദ്രാവാക്യം കാണാതെ പഠിച്ചതാണ്. മുമ്പും വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. മുദ്രാവാക്യം വിളി വിവാദമായതോടെ മുങ്ങിയ കുട്ടിയും കുടുംബവും ഇന്നാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സംഘമെത്തി കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വീടിന് മുന്നിലെത്തി.
വിദ്വേഷ മുദ്രാവാക്യം വിളി: മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍
അതിനിടെ റാലിയിലെ മുദ്രാവാക്യം വിളി കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ റാലിക്ക് എത്തിക്കാന്‍ നേതൃത്വം നല്‍കിയവരാണ് പിടിയിലായത്. മരട്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ നിയാസ്, ഷമീര്‍, സുധീര്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ 18 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയും കുടുംബവും തിരിച്ചെത്തി; പിതാവ് കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ