ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍; ആത്മഹത്യാശ്രമത്തിനും കേസ്

ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. 

ഇരുവരേയും രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരോണിന് നല്‍കിയ കഷായത്തില്‍ കലര്‍ത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

അതേസമയം പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഗ്രീഷ്മയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഗ്രീഷ്മക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. സുരക്ഷാ വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ടു വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവിലാണ്. ഇന്ന് രാവിലെ ചേരുന്ന മെഡിക്കല്‍ സംഘത്തിന്റെ യോഗം ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. 

ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്യണോ, ആശുപത്രിയില്‍ തുടരണോ എന്നതില്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനമെടുക്കും. ആശുപത്രിയില്‍ തുടരണമെന്ന് നിര്‍ദേശിച്ചാല്‍ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് തീരുമാനം. ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും. ഇതിനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേസില്‍ ഗ്രീഷ്മയുടെ അച്ഛനെയും ബന്ധുവായ യുവതിയേയും വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. 


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com