സിഐടിയു പ്രവർത്തകരുടെ അതിക്രമം: ഗ്യാസ് ഏജന്‍സി ഉടമയായ യുവതിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 06:44 AM  |  

Last Updated: 02nd November 2022 06:50 AM  |   A+A-   |  

vypin_citu

സിഐടിയു പ്രവര്‍ത്തകരുടെ പ്രതിഷേധം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കൊച്ചി: സിഐടിയു പ്രവര്‍ത്തകരുടെ ഭീഷണിക്കെതിരെ വൈപ്പില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. തന്റെ ഏജന്‍സിക്കും ഗ്യാസ് വിതരണത്തിനും സംരക്ഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച  വൈപ്പിനിലെ എ ആന്റ് എ ഗ്യാസ് ഏ‍ൻസിയിലാണ് തർക്കമുണ്ടായത്. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്. ഭർത്താവിനെ മർദ്ദിച്ചെന്നും ഗ്യാസ് ഏജൻസി ഉടമ ഉമ സുധീ‍ർ പരാതിപ്പെട്ടു. 

സിഐടിയു വിഭാഗത്തിൽപ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഗ്യാസ് ഏജൻസി ഉടമ ഉമ സുധീ‍ർ പറഞ്ഞു. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിക്കില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിരുന്നു.

'നീ പൂട്ടിക്കോ, കേരളം ഭരിക്കുന്ന പാർട്ടിയാണ്, ഞങ്ങൾ ജോലി കൊടുത്തോളാം' എന്നു സിഐടിയു പ്രവർത്തകർ പറയുന്നതും വീഡിയോയിലുണ്ട്. ​ഗ്യാസ് ഏജൻസി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ വ്യവസായമന്ത്രി പി രാജീവ് ജില്ലാ വ്യവസായ ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസ്: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ