'ജുഡീഷ്യറിക്ക് മുകളിലാണ് എന്നാണ് ഭാവം, തന്നിലാണ് സര്‍വ അധികാരവും എന്ന ചിന്തയാണ്'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 04:50 PM  |  

Last Updated: 02nd November 2022 04:50 PM  |   A+A-   |  

pinarayi

ഗവര്‍ണര്‍ക്കെതിരായ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍

 

തിരുവനന്തപുരം: തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചിലര്‍ കരുതുന്നത് എന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരാകാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിക്ക് മുകളിലാണ് താന്‍ എന്ന ഭാവമാണ്. നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കി കളയാമെന്നാണ് കരുതുന്നത്. ഇത് ജനങ്ങള്‍ വകവെച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ട ഒരു നിയമസഭയും ഉണ്ട്. ഇതിനെല്ലാം മുകളില്‍ ജനങ്ങളുണ്ട്. അതൊന്നും ആരും മറക്കേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരള നിയമസഭ നല്‍കിയതാണ് ചാന്‍സലര്‍ പദവി. ചാന്‍സലര്‍ക്ക് ഭരണഘടനയുടെ സവിശേഷ അധികാരമില്ല. സര്‍വകലാശാല നിയമം പ്രകാരമാണ് ചാന്‍സലറെ നിയമിക്കുന്നത്. ആ പദവിയില്‍ ഇരുന്ന് സര്‍വകലാശാലകളെ ആകെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് , ആ സ്ഥാനത്തിന്റെ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ആദ്യം അധ്യാപകര്‍ കൊള്ളില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ വിസിമാരെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സര്‍വകലാശാല നിയമം അനുസരിച്ചേ പറ്റു. ഇതുസംബന്ധിച്ച് നിയമത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ മാത്രമേ ചാന്‍സലര്‍ക്ക് റോള്‍ ഉള്ളൂ. അങ്ങനെ നോക്കിയാല്‍ ചാന്‍സലര്‍ മുഴുവന്‍ അധികാരവും ഉപയോഗിച്ച് കഴിഞ്ഞു. അധികാര ദുര്‍വിനിയോഗം, ഫണ്ട് ദുരുപയോഗം എന്നിവ കണ്ടെത്തിയാല്‍ മാത്രമേ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കൂ. സര്‍വകലാശാല നിയമത്തില്‍ അങ്ങനെയാണ് പറയുന്നത്. എന്നാല്‍ ഇവിടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു ഇടവുമില്ല.  എന്നിട്ടാണ് 11.30നകം രാജിവെയ്ക്കണമെന്ന് കല്‍പ്പിക്കുന്ന കാഴ്ച കണ്ടത്. ഇത് കോടതി അംഗീകരിച്ചില്ല. ഇതില്‍ നിന്ന് തന്നെ നിയമവിരുദ്ധത വ്യക്തമാണെന്നും പിണറായി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നുവെന്ന് അലന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ