ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞു; പ്രതിഷേധം, പൊലീസ് ഇടപെടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 10:35 AM  |  

Last Updated: 04th November 2022 11:41 AM  |   A+A-   |  

sisa_thomas

സിസ തോമസിനെതിരെ പ്രതിഷേധം/ ടിവി ദൃശ്യം

 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത്. 

സിസ തോമസ് ക്യാമ്പസിലേക്ക് എത്തിയ സമയം മുതല്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് കാറില്‍ നിന്നും കാല്‍നടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്. പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസ തോമസ് പറഞ്ഞു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സിസ തോമസ് പറഞ്ഞു. 

ഗവര്‍ണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് സിസ തോമസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്റേത് താല്‍ക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളത്. പുതിയ വിസി വരുന്നതുവരെ പദവിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ തോമസ് പറഞ്ഞു. 

സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഈ മാസം 30

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ