'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 10:00 AM  |  

Last Updated: 05th November 2022 10:02 AM  |   A+A-   |  

arya

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന  തിരുവനന്തപുരം കോർപറേഷനിലെ താത്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമം വിവാദത്തിൽ. 295 താത്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ മുൻ​ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ഔദ്യോ​ഗിക ലെറ്റർ പാഡിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന് അയച്ച കത്ത് പുറത്തായി. പിന്നാലെയാണ് വിവാദം. 

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചത്. ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി കത്ത് പരസ്യമായി. 

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നതായും കത്തിലുണ്ട്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. 

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോർത്തിയത് ആനാവൂ‍രിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. 

അതേസമയം അങ്ങനെയൊരു കത്ത് നൽകേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. താൻ ഡൽഹിയിൽ നിന്നു വന്നതേയുള്ളുവെന്നും എന്താണു സംഭവമെന്ന് അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി. 

തനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂർ നാ​ഗപ്പനും പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫയലുകള്‍ മലയാളത്തില്‍ മതി, വായിച്ചാല്‍ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവണം: പി രാജീവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ