നിയമന കത്ത് വിവാദത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാ​ഗീയത?; ജില്ലാ നേതൃയോ​ഗം വിളിച്ചു; നടപടിക്കും സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 07:58 AM  |  

Last Updated: 06th November 2022 11:45 AM  |   A+A-   |  

anavoor_and_arya

ആനാവൂര്‍ നാഗപ്പന്‍, ആര്യാ രാജേന്ദ്രന്‍/ ഫയല്‍

 

തിരുവനന്തപുരം:  മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ പാർട്ടി ജില്ലാ നേതാക്കൾക്കിടയിലെ വിഭാഗീയതയും പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിൽ പാർട്ടി തല നടപടി ഉണ്ടാകുമെന്നാണ് സൂചന. 

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ നേതൃയോ​ഗങ്ങൾ നാളെ അടിയന്തരമായി വിളിച്ചു ചേർത്തിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളിൽ നിയമന കത്തു വിവാദം ഉൾപ്പെടെ ചർച്ചയാകും.  യോ​ഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും പങ്കെടുക്കും. കത്തു ചോർന്നതിന് പിന്നിൽ വിഭാ​ഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. 

മേയർക്കു പുറമേ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡിആർ അനിലിന്റെ കത്തും പുറത്തു വന്നിരുന്നു. എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ്  സിപിഎം ജില്ലാ സെക്രട്ടറിയോട്  ലിസ്റ്റ് ചോദിച്ച് കത്തയച്ചത്. 

സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗവുമായ ആനാവൂർ നാ​ഗപ്പന്റെ വിശ്വസ്ഥനാണ് ഡി ആർ അനിൽ. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തി ഒമ്പത് മാസം കഴിഞ്ഞിട്ടും, സമവായത്തിൽ എത്താൻ കഴിയാത്തതിനാൽ  പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാനായിട്ടില്ല. കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലും രൂക്ഷമായ അധികാര തർക്കം നിലവിലുണ്ട്. 

അതേസമയം  കത്തിൽ പറയുന്ന തീയതിയിൽ മേയർ ആര്യാ രാജേന്ദ്രൻ  തലസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നാണ് മേയറോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നിയമന വിവാദത്തിൽ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.  കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു';  നിയമന കത്ത് വിവാദത്തിൽ മേയർ ഇന്ന് പൊലീസിന് പരാതി നൽകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ