മുടികൊഴിച്ചില്‍: കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 07:43 AM  |  

Last Updated: 07th November 2022 07:43 AM  |   A+A-   |  

prashanth_1

പ്രശാന്ത്‌

 

കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം. മുടികൊഴിച്ചില്‍ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അത്തോളി പൊലീസിലാണ് പരാതി നല്‍കിയിരുന്നത്. അന്വേഷണം നടന്നുവരുന്നു എന്നാണ് പൊലീസ് പറയുന്നത്.

2014മുതല്‍ മുടികൊഴിച്ചില്‍ മാറാന്‍ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ മുടി കൊഴിയാന്‍ തുടങ്ങി. കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നി തുടങ്ങിയതായും കുറിപ്പില്‍ പറയുന്നു.

യുവാവിന്റെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പൊലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയതായും കുടുംബം പറയുന്നു. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാലും വിശദമായി അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'റൈഡ് ടു മാര്യേജ്', കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ വരന്‍; വേറിട്ട കല്യാണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ