മൂന്നാര്‍ മണ്ണിടിച്ചില്‍: കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 08:27 AM  |  

Last Updated: 13th November 2022 08:27 AM  |   A+A-   |  

minibus

ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മിനി ബസ്

 

ഇടുക്കി: മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു.  വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ മേഖലയില്‍ ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് കൊക്കയിലേക്ക് ഒഴുകിപ്പോയി. ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. വടകരയില്‍നിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അണക്കെട്ട് കാണാന്‍ വരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

മണ്ണിടിച്ചില്‍: മൂന്നാര്‍ വട്ടവട റോഡില്‍ യാത്ര നിരോധിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ