കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ല; പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 04:45 PM  |  

Last Updated: 16th November 2022 05:27 PM  |   A+A-   |  

priya_varghese

പ്രിയ വര്‍ഗീസ്

 

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാവര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. പ്രിയാ വര്‍ഗീസിന്റെത് ചട്ടപ്രകാരമുള്ള നിയമനമല്ലെന്ന് യുജിസി ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസില്‍  നാളെ വിധി പറയും.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്ന റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. 
അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല,  ഇതൊരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്‍എസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷന്‍ ഒരിക്കലും അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. എന്‍എസ് എസിന് പോയി കുഴിവെട്ടിതൊന്നും അധ്യാപക പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. ചില ചോദ്യങ്ങളും കോടതി പ്രിയാവര്‍ഗീസിന് ചോദിച്ചു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ?,  സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ?, പ്രവര്‍ത്തി പരിചയമുണ്ടെന്ന രേഖ സ്‌ക്രൂട്ട്‌നി കമ്മറ്റിക്ക് സമര്‍പ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

പ്രവര്‍ത്തിപരിചയം സംബന്ധിച്ച പുതിയ രേഖ ഇന്ന് പ്രിയ വര്‍ഗീസ് കോടതിക്ക് മുന്നില്‍ ഹാജരാക്കി. ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല, സ്‌ക്രൂട്ട്‌നി കമ്മറ്റി പരിശോധിച്ച രേഖകള്‍ മാത്രം മതിയെന്നാണ് കോടതി പറഞ്ഞത്.

പ്രിയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രിയാ വര്‍ഗീസിന്റെ നിയമനം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും മരവിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകിട്ടി; ഞങ്ങളുടെ പ്രതികരണം ഫലം കണ്ടു; മുസ്ലീം ലീഗ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ