ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്യൽ, ഫോറസ്റ്റ് ഉ​ദ്യോ​ഗസ്ഥർ യുവാവിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 06:39 AM  |  

Last Updated: 19th November 2022 06:52 AM  |   A+A-   |  

jails

പ്രതീകാത്മക ചിത്രം


കൊല്ലം; കൊല്ലം ആര്യങ്കാവിൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ യുവാവിനെ  കൈയും കാലും കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കൃഷിയിടത്തില്‍ പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും തുടർത്ത് സെല്ലിൽ അടച്ച് കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. ആര്യങ്കാവ് പുതുശ്ശേരി വിട്ടീല്‍ സാന്ദീപ് മാത്യുവാണ് (39) മർദനത്തിന് ഇരയായത്. ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം. കൃഷിയിടത്തിൽപോയി തിരികെ ഓട്ടോയില്‍ വരുന്ന സമയത്ത് ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വച്ച് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ ഓട്ടോ തടഞ്ഞു. എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കൃഷിയിടത്തിൽപോയി വരികയാണെന്ന് പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ തയാറായില്ല. ഇതോടെ സന്ദീപും ഉദ്യോ​ഗസ്ഥരും തമ്മിൽ തർക്കമായി. 

വാക്കേറ്റം മുറുകിയതോടെ സാന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചതെന്നും മര്‍ദനത്തില്‍ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം, ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ നിറഞ്ഞുവെന്നും ഇതോടെ ടീഷർട്ട് വനപാലകര്‍ ഊരിമാറ്റിയെന്നും പരാതിയുണ്ട്. തുടർന്ന് തെന്മല പൊലീസ് എത്തിയാണ് സന്ദീപിനെ അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ സ്റ്റേഷനിലെത്തി സന്ദീപാണ് പ്രശ്നമുണ്ടാക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സന്ദീപ് മർദ്ദിച്ചെന്നും വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് കീഴടങ്ങി

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ