തലാഖ് ചൊല്ലി വിവാഹ മോചനം; മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 07:56 AM  |  

Last Updated: 22nd November 2022 09:00 AM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

കൊച്ചി: തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 31,68,000 രൂപയാണ് ഇത്തരത്തില്‍ നല്‍കേണ്ടത്. 

വിവാഹ മോചനം നേടിയ യുവാവിന്റെയും യുവതിയുടെയും ഉയര്‍ന്ന ജീവിത പശ്ചാത്തലവും യുവാവിന് മാസം രണ്ട് ലക്ഷത്തോളം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നും കണക്കാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മജിസ്‌ട്രേറ്റ് കോടതി വിധി ശരിവച്ചത്.

2008ലായിരുന്നു ഇരുവരുടെയും വിവാഹം. 2013ല്‍ യുവാവ് തലാഖിലൂടെ വിവാഹ മോചനം നേടി. ഇതേത്തുടര്‍ന്ന് യുവതി ജീവിതച്ചെലവ് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രതിമാസം 33,000 രൂപവെച്ച് യുവതിക്കും മകനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിനെതിരെ യുവാവ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ശമ്പളമായി തനിക്ക് മാസം 60,000 രൂപയെ ലഭിക്കുന്നുള്ളു എന്ന് കാണിച്ചായിരുന്നു അപ്പീല്‍. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സെഷന്‍സ് കോടതി, വിഷയം വീണ്ടും പരിഗണിച്ച് പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മടക്കി. 

ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ശമ്പളം കുറവാണെന്ന് ബോധിപ്പിക്കാന്‍ മതിയായ അവസരം ലഭിച്ചിട്ടും യുവാവ് ശ്രമിച്ചില്ലെന്ന് കോടതി വിലയിരുത്തി. ശമ്പളം കുറവാണെന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍; നടപടികള്‍ ആരംഭിച്ച് നിയമ വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ