കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 08:54 AM  |  

Last Updated: 22nd November 2022 08:54 AM  |   A+A-   |  

arya rajendran

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍/ഫയല്‍


തിരുവനന്തപുരം: കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കം. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതി എന്നാണ് വിവാദം. എന്നാല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 

തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുകയും ആര്യയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. 

മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ മുത്തലാഖ് ചൊല്ലി വിവാഹ മോചനം; മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ