മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിങ്, കാര്‍ തൊഴിലാളികള്‍ക്ക് ഇടയിലേക്ക്  പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്, യുവാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 08:41 AM  |  

Last Updated: 24th November 2022 08:41 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ തിരുവനന്തപുരം മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ശാരദയുടെ കാലിന് പൊട്ടലുണ്ട്. 

ബാലരാമപുരം മണ്ണക്കല്ലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അപകട ശേഷവും കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു വെച്ച് പൊലീസിന് കൈമാറി. സംഭവത്തില്‍ മണ്ണക്കല്ല് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ മുതല്‍ 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്. കോട്ടുകാല്‍ മന്നോട്ടുകോണം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. 

കാര്‍ പാഞ്ഞ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട ശേഷം കിരണ്‍ കാര്‍ നിര്‍ത്താതെ ഓടിച്ച് വീട്ടിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കിരണിന്റെ വീട്ടിലെത്തി പൊലീസ് വരുന്നത് വരെ ഇയാളെ രക്ഷപ്പെടാതെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ കേസെടുത്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ