ശബരിമല സ്‌പെഷല്‍ ട്രെയിന്‍: അധിക നിരക്ക് പ്രത്യേക സര്‍വീസ് എന്ന നിലയിലെന്ന് റെയില്‍വേ; ഹെലികോപ്റ്റര്‍ വേണ്ടെന്ന് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:06 PM  |  

Last Updated: 24th November 2022 01:06 PM  |   A+A-   |  

sabari_train

ശബരി സ്‌പെഷ്യല്‍ ട്രെയിന്‍/ ട്വിറ്റര്‍ ചിത്രം

 

കൊച്ചി: ശബരിമല സ്‌പെഷല്‍ ട്രെയിനിലെ ഉയര്‍ന്ന നിരക്കിനെ ന്യായീകരിച്ച് റെയില്‍വേ. പ്രത്യേക സര്‍വീസ് എന്ന നിലയിലാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം അധികനിരക്കുണ്ട്. ഇത് രാജ്യത്തെ എല്ലാ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കും ബാധകമാണ്. അധിക നിരക്ക് ഈടാക്കുന്നത് പ്രത്യേക സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണെന്നും റെയില്‍വേ വ്യക്തമാക്കി. 

സ്‌പെഷ്യല്‍ ട്രെയിനുകളിലെ അമിത നിരക്കില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഷയത്തില്‍ വിശദീകരണം തേടി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും കോടതി നോട്ടീസും അയച്ചിരുന്നു. ഹൈദരബാദ്  കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സാധാരണ സ്ലീപ്പര്‍ നിരക്ക്. എന്നാല്‍, ശബരി സ്‌പെഷ്യല്‍ ട്രെയിനില്‍ 795 രൂപയാണ് നിരക്ക്.  205 രൂപയാണ് അധികമായി ഈടാക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. 

ഹെലികോപ്റ്റര്‍ സര്‍വീസ് വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയുടെ പേരില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനുമതിയില്ലാതെ എന്‍ഹാന്‍സ് ഏവിയേഷന്‍ ശബരിമലയുടെ പേര് ഉപയോഗിച്ചുവെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കോടതി കൂടുതല്‍ സമയം അനുവദിച്ചു. 

ടിന്നുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്തവര്‍  കരാറുകള്‍ എടുക്കേണ്ട

അരവണ ടിന്‍ കരാറിലും കോടതി വിമര്‍ശനം ഉന്നയിച്ചു. ശബരിമലയില്‍ ആവശ്യമായ ടിന്നുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്തവര്‍  കരാറുകള്‍ എടുക്കേണ്ടതില്ല. ശബരിമലയില്‍ അരവണ വിതരണം കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1290 ക്ഷേത്രങ്ങളില്‍ 60 ക്ഷേത്രങ്ങളിലാണ് വരുമാനമുള്ളത്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ നിത്യപൂജകള്‍ അടക്കം നടക്കുന്നത് ഈ ക്ഷേത്രങ്ങളെ ആശ്രയിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ശബരിമലയിലേക്ക് കൂടുതല്‍ അരവണ ടിന്നുകള്‍ എത്തിക്കുമെന്ന് കോടതിയെ അറിയിച്ചു. ഡിസംബര്‍ 15നകം 50 ലക്ഷം ടിന്നുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 28 നാണ് അരവണ ടിന്നിന് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതെന്നും കരാറുകാരന്‍ കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രം, വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ