വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

സര്‍ക്കാര്‍ എന്ന നിലയില്‍ ആരെയും പ്രയാസപ്പെടുത്തരുത് എന്ന നിലയ്ക്ക് പരമാവധി ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിലേക്ക് നിന്നു കൊടുത്തിട്ടുണ്ട്
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍/ ഫെയ്‌സ്ബുക്ക്‌
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട് ഓരോരോ പുതിയ ഡിമാന്‍ഡുകളുമായി സമരക്കാര്‍ മുന്നോട്ടു വരികയാണ് ചെയ്തത്. ചര്‍ച്ച നടത്തുമ്പോള്‍ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകുകയും പിന്നീട് അറിയിക്കാറുമില്ല. സര്‍ക്കാര്‍ എന്ന നിലയില്‍ ആരെയും പ്രയാസപ്പെടുത്തരുത് എന്ന നിലയ്ക്ക് പരമാവധി ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിലേക്ക് നിന്നു കൊടുത്തിട്ടുണ്ട്. 

പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷന്‍ കയ്യേറുക, തങ്ങളല്ലാത്ത മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ആര്‍ക്കും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിന് എന്തു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ സന്നദ്ധമാണ്. സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ നമുക്ക് കൊടുക്കാനാകൂ. 

സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതൊഴികെയുള്ള ഏതു ഡിമാന്‍ഡും ചര്‍ച്ച ചെയ്യാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇന്നും സന്നദ്ധമാണ്.  സമരക്കാര്‍ ഇപ്പോള്‍ കോടതി വിധിയെ ലംഘിക്കുകയാണ് ചെയ്തത്. 

വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ജുഡീഷ്യല്‍ സംവിധാനത്തില്‍ വിശ്വാസമുള്ളവരായിരുന്നു രൂപതയെങ്കില്‍ കോടതിയുടെ നിര്‍ദേശം അവര്‍ പാലിക്കണമായിരുന്നു. സമരപ്പന്തല്‍ പൊളിച്ചു മാറ്റണമെന്ന് കോടതിയാണ് പറഞ്ഞത്. കോടതിയില്‍ അവര്‍ നല്‍കിയ ഉറപ്പാണ്, അവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ല, വാഹനങ്ങള്‍ തടയില്ല എന്നെല്ലാം. കോടതിയില്‍ കൊടുത്ത ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. 

ആ കോടതിയില്‍ വിശ്വാസമില്ലാത്തവര്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്ന് മന്ത്രി ചോദിച്ചു. ഇന്നു പറയുന്ന കാര്യങ്ങളില്‍ നാളെ അവര്‍ ഉറച്ചു നില്‍ക്കുമെന്ന് ഉറപ്പുണ്ടോ. സമരത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.  ഇതെല്ലാം പരിശോധിച്ചു വരികയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യം മുന്നോട്ടുവെക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു കമ്പനി എന്ന നിലയ്ക്ക് അവരുടെ ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നമ്മുടെ കയ്യിലുള്ള സംവിധാനം പൊലീസാണ്. ആ പൊലീസിനെ അവിടെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയുമെല്ലാം മുന്നില്‍ നിര്‍ത്തി സര്‍ക്കാരിനെതിരെയാണ് സമരം നടക്കുന്നത്. എന്നാല്‍ അതിനെ അടിച്ചമര്‍ത്തുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും, കോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com