ഓണാവധിക്ക് വീട്ടിലെത്തി അമ്മയുടെ 10 പവൻ മോഷ്ടിച്ചു; മകളും ഭർത്താവും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2022 07:20 AM  |  

Last Updated: 09th October 2022 07:21 AM  |   A+A-   |  

stole gold from mother


കോട്ടയം; അമ്മയുടെ സ്വർണം മോഷ്ടിച്ച കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാവധിക്ക് വീട്ടിൽ എത്തിയപ്പോൾ 10 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. ഇളയ മകളുടെ വിവാഹത്തിനായി മാറ്റിവച്ചതായിരുന്നു സ്വർണം. 

ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയി. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വർണം മോഷ്ടിച്ചത് ഐശ്വര്യയാണെന്ന് കണ്ടെത്തിയ പൊലീസ് കിരൺരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് മോഷണമുതൽ വീണ്ടെടുത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവൻ മുക്കുപണ്ടമാണെന്നു വ്യക്തമായത്. മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വർണത്തിൽനിന്ന് 5 പവൻ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തിൽ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു. അറസ്റ്റു ചെയ്ത ഐശ്വര്യയേയും കിരൺരാജിനേയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ ചിത്രം തെളിഞ്ഞു; തരൂരും ഖാർ​ഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ