'മുഖം മറച്ചേ കൊണ്ടുപോകാവൂ'; നരബലിക്കേസിലെ മൂന്നുപ്രതികളും 24 വരെ പൊലീസ് കസ്റ്റഡിയില്‍

കേസിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരേണ്ടത് സമൂഹനന്മയ്ക്ക് അത്യാവശ്യമാണ്
പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവര്‍
പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവര്‍

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. 

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കേസിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരേണ്ടത് സമൂഹനന്മയ്ക്ക് അത്യാവശ്യമാണ്. മുഖ്യപ്രതി ഷാഫി കൊടുംകുറ്റവാളിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷാഫി പൊലീസ് അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഷാഫിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. നരബലി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ഭീതിയിലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ദമ്പതികള്‍ നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പത്മയെ തട്ടിക്കൊണ്ടുപോയി എന്നത് ശരിയല്ല. പത്മ സ്വമേധയാ ഷാഫിയുടെ കാറില്‍ വന്നു കയറുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിക്കുകയാണെന്നും പ്രതികള്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com